
ഇനി എങ്ങനെ ഞാന്‍ ആ ഓഫീസില്‍ പോകും? ആരെ വിശ്വസിക്കും? എങ്ങനെ പണിയെടുക്കും? ക്ഷോഭവും സങ്കടവും അടക്കാനാവാതെ ആ കൂട്ടുകാരി ചോദിച്ചപ്പോള്‍ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. അവള്‍ സുന്ദരി, ജോലി ചെയ്യാന്‍ മിടുക്കി. ഭര്‍ത്താവ് കുറച്ചുകാലം മുമ്പുണ്ടായ ഒരു അപകടത്തില്‍ പരിക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന്് കിടപ്പിലാണ്. അവളുടെ വരുമാനം കൊണ്ടുവേണം കുടുംബം പുലരാന്‍. സഹപ്രവര്‍ത്തകരൊക്കെ നല്ലവരും തന്നെ സഹായിക്കണമെന്ന് ആഗ്രഹമുള്ളവരുമാണെന്നാണ് അവള്‍ ധരിച്ചിരുന്നത്. ഒരു ദിവസം രാവിലെ ഓഫീസില്‍ എത്തിയപ്പോള്‍ മേശപ്പുറത്ത് ഒരു കവര്‍. തുറന്നു നോക്കിയപ്പോള്‍ അവള്‍ ഞെട്ടിപ്പോയി. ഗര്‍ഭനിരോധന ഉറയുടെ ഒരു ഒഴിഞ്ഞ പാക്കറ്റായിരുന്നു കവറിനുള്ളില്‍. തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവുള്ള ഒരുവള്‍ക്ക് കൊടുക്കാവുന്ന 'ഒന്നാന്തരം' സമ്മാനം! ആര്‍ക്കെങ്കിലും അബദ്ധം പറ്റിയതായിരിക്കുമെന്നു വച്ച് അവള്‍ ഒന്നും മിണ്ടിയില്ല. പക്ഷേ, സമ്മാനം ആവര്‍ത്തിച്ചപ്പോള്‍ അവള്‍ തകര്‍ന്നു പോയി. മേലധികാരികളോട് പരാതിപ്പെട്ടെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. ആരാണ് ഇത് ചെയ്യുന്നതെന്ന് കണ്ടുപിടിക്കാനാവില്ലെന്നായിരുന്നു മറുപടി. പലരും പല പേരുകളും പറഞ്ഞു. തെളിയിക്കാന്‍ അവളുടെ കയ്യില്‍ ആയുധങ്ങളൊന്നും ഇല്ലായിരുന്നു. ഏതോ ഞരമ്പുരോഗിയുടെ വിക്രിയയെന്ന് കണക്കാക്കി അവഗണിക്കാനായിരുന്നു സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും ഉപദേശം. പക്ഷേ, അവള്‍ക്ക് ഇത് സഹിക്കാവുന്നതിനും അപ്പുറമുള്ള അനുഭവമായിരുന്നു. കൂടെയിരുന്ന് പണിയെടുക്കുന്ന എല്ലാവരേയും അവിശ്വസിക്കേണ്ട അവസ്ഥ. തന്റെ ജീവിതത്തിലെ ദുരന്തത്തെ ഇങ്ങനെ ആഘോഷിക്കുന്നവരും ഉണ്ടാകുമെന്ന് അവള്‍ അതുവരെ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.
തൊഴിലിടങ്ങളില്‍ സ്തീകള്‍ നേരിടുന്ന ദുരനുഭവങ്ങളുടെ ഒരു സാമ്പിള്‍ മാത്രമായി ഇതിനെ കണ്ടാല്‍ മതി. മറ്റൊരു അനുഭവം ഇതാ - ഒരു ജീവനക്കാരിയുടെ ജോലിയെപ്പറ്റി സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായി ഒരു എസ്.എം.എസ് പ്രചരിക്കുന്നു. പ്രത്യക്ഷത്തില്‍ നിരുപദ്രവമായ ഒരു കമന്റ്. പക്ഷേ, ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ദ്വയാര്‍ഥ പ്രയോഗം അതിഭീകരം. പരാതിപ്പെട്ടാല്‍ തന്റെ സുഹൃത്തുക്കളായ സഹപ്രവര്‍ത്തകരൊക്കെ തനിക്കെതിരാവുമല്ലോ എന്നു ഭയന്ന് ജീവനക്കാരി നിശ്ശബ്ദത പാലിക്കുന്നു.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള ഒരു അനുഭവം. പെണ്‍കുട്ടികളെല്ലാം ആരെയോ പ്രേമിക്കാന്‍ തക്കം പാര്‍ത്തു നടക്കുകയാണെന്നാണ് പ്രധാന അധ്യാപികയുടെ വിചാരം. പരീക്ഷയ്ക്ക അല്പം മാര്‍ക്ക് കുറഞ്ഞാല്‍, ക്ലാസ്സില്‍ ക്ഷീണിച്ചിരുന്നാല്‍, ബസ്സ് വൈകിയതു കാരണം ഇത്തിരി ലേറ്റായി ക്ലാസ്സിലെത്തിയാല്‍ തുടങ്ങുകയായി പരസ്യമായ അവഹേളനം. നീയൊക്കെ ഏതവന്റെ കൂടെയായിരുന്നു എന്നെനിക്കറിയാം എന്നു തുടങ്ങി കടുത്ത പ്രയോഗങ്ങള്‍. വീട്ടില്‍ നിന്ന് വരുന്ന രക്ഷകര്‍ത്താക്കളോടും പറയും ഈ മാതിരി കമന്റുകള്‍. അതോടെ രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികളെ സംശയമായി.
തൊഴിലെടുക്കുന്നവരും വിദ്യാര്‍ത്ഥികളുമൊക്കെ ഒരു പക്ഷേ, വീട്ടില്‍ ചെലവഴിക്കുന്നതിലും അധികം സമയം ചെലവിടുന്നത് ഓഫീസിലോ സ്‌കൂളിലോ ഒക്കെ ആയിരിക്കും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികചൂഷണം തടയാന്‍ സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വന്നിട്ട് കാലം കുറെയായി. ലൈംഗികപീഡനം എന്നാല്‍ ശാരീരിക പീഡനം മാത്രമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ലൈംഗിക ആനുകൂല്യങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥനയോ ആജ്ഞയോ, അശ്ലീല കമന്റുകള്‍, അശ്ലീല ചിത്രങ്ങള്‍ കാണിക്കുക എന്നു തുടങ്ങി വാചികമോ ആംഗികമോ ആയ ഏതുതരം ലൈംഗിക പ്രവൃത്തിയും സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് തൊഴിലിടങ്ങളിലെ പീഡനത്തിന്റെ പരിധിയില്‍ വരും. ലൈംഗികചുവയുള്ള തമാശകള്‍ ഓഫീസില്‍ വച്ച് ഉറക്കെ പറയുന്നതു പോലും കുറ്റകരമാണെന്ന് കോടതി പറയുന്നു.
ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും ഒക്കെ ഒരു തടസ്സവും കൂടാതെ പണിയെടുക്കാനുള്ള അന്തരീക്ഷം ഒരു ഓഫീസില്‍ ഉണ്ടാകണമെന്ന് പറയുന്നതു പോലെ തന്നെയാണ് സ്ത്രീസൗഹൃദ അന്തരീക്ഷം വേണമെന്ന് പറയുന്നതും. നിയമം കൊണ്ടുമാത്രം നേടാവുന്ന ഒന്നല്ല ഇത്. എപ്പോഴും താഴെതട്ടിലുള്ള തസ്തികകളില്‍ പണിയെടുക്കുന്ന സ്ത്രീകളാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ നേരിടേണ്ടിവരിക. ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ നിശ്ശബ്ദം സഹിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും അവര്‍ തന്നെ. അസംഘടിത മേഖലയിലും ഗാര്‍ഹിക മേഖലയിലുമൊക്കെ പണിയെടുക്കുന്ന സ്ത്രീകളുടെ കാര്യം കൂടുതല്‍ കഷ്ടം. നിയമമോ നീതിന്യായ വ്യവസ്ഥയോ സന്നദ്ധ സംഘടനകള്‍ പോലുമോ അവരുടെ രക്ഷയ്ക്ക് എത്തുന്നില്ല.
നിയമപുസ്തകങ്ങളില്‍ സ്ത്രീകള്‍ക്കായി നീക്കിവയ്ക്കപ്പെട്ട താളുകളുടെ എണ്ണം കൂടി വരുന്നതുകൊണ്ടു മാത്രം പ്രയോജനമില്ലെന്നു ചുരുക്കം. കൂടെ ജോലിചെയ്യുന്ന സ്ത്രീയെ ഒരു വ്യക്തിയായി കണക്കാക്കാനും അംഗീകരിക്കാനുമുള്ള മനോഭാവമാണ് ആവശ്യം. സാധാരണ പെരുമാറ്റവും സ്ത്രീകള്‍ക്ക് അംഗീകരിക്കാനാവാത്ത പെരുമാറ്റവും തമ്മിലുള്ള അതിര്‍വരമ്പ് എവിടെയാണ്? കൊച്ചി സര്‍വ്വകലാശാലയില്‍ അടുത്തയിടെ ഉണ്ടായ വിവാദം തന്നെ നോക്കാം. അവിടത്തെ പൂന്തോട്ടത്തില്‍ ചെടികള്‍ വെട്ടിയുണ്ടാക്കിയ ചില ശില്പങ്ങള്‍ സ്ത്രീകളുടെ മാന്യതയ്ക്ക് ചേരുന്നതല്ലെന്ന് ആരോപണമുയര്‍ന്നു. ശില്പങ്ങളുടെ മാറിടം വെട്ടിമാറ്റുകയെന്ന പരിഹാരമാണ് അധികൃതര്‍ കണ്ടെത്തിയത്. എന്നാല്‍, ശില്പങ്ങളില്‍ അശ്ലീലം കണ്ടെത്തുന്നത് നോക്കുന്നവരുടെ വൈകല്യമാണെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം. അല്ലെങ്കില്‍ മലമ്പുഴയിലെ യക്ഷിയും ശംഖുമുഖത്തെ മത്സ്യകന്യകയുമൊക്കെ എന്നേ ഇതു പോലെ ഇടിച്ചു നിരത്തപ്പെടേണ്ടതായിരുന്നു, അവര്‍ പറഞ്ഞു. ഈ സസ്യശില്പത്തിന്റെ പേരില്‍ കാമ്പസില്‍ ഒരു സ്ത്രീക്കും അപമാനം സഹിക്കേണ്ടി വന്നിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
തൊഴിലിടങ്ങളിലെ പീഡനത്തിന്റെ പ്രശ്‌നത്തിലും ചിലപ്പോഴെങ്കിലും ഈ അവ്യക്തത തലപൊക്കാം. ഒരു സമൂഹത്തിന് അശ്ലീലമായത് മറ്റൊരു സമൂഹത്തിന് അങ്ങനെ ആയിക്കൊള്ളണമെന്നില്ല. വ്യക്തികളുടെ കാര്യത്തിലും അങ്ങനെ തന്നെ. പക്ഷേ, സ്ത്രീയായതുകൊണ്ടുമാത്രം താന്‍ അധിക്ഷേപിക്കപ്പെടുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നതായി ഒരാള്‍ക്കും തോന്നാതിരിക്കുന്ന അന്തരീക്ഷം തൊഴിലിടങ്ങളില്‍ ഉണ്ടാവുക എന്ന പൊതുതത്വം ഇക്കാര്യത്തില്‍ സ്വീകരിക്കാം. വ്യക്തി എന്ന നിലയില്‍ സുരക്ഷിതത്വവും ബഹുമാനവും ലഭിക്കാനുള്ള മനുഷ്യാവകാശത്തിന്റെ ഭാഗം തന്നെ ഇതും.
കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ രംഗത്തേക്ക് കടന്നുവരികയും ഉയര്‍ന്ന ഉദ്യോഗങ്ങള്‍ കയ്യെത്തിപ്പിടിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഈ മാറ്റവും അനിവാര്യമാണ്. പോലീസ് സ്‌റ്റേഷനുകളില്‍ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ വന്നതോടെ അവിടുത്തെ അന്തരീക്ഷത്തിനു തന്നെ ഗുണപരമായ മാറ്റമുണ്ടായെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതുപോലെ, മാറ്റത്തിന്റെ കാറ്റ് എവിടെയും വീശിയേ തീരൂ. മാറേണ്ട കാലത്ത് മാറാതിരിക്കുന്നവര്‍ ഒറ്റപ്പെട്ടു പോവുക എന്നല്ലാതെ എന്തുവരാന്‍.
കടപ്പാട്
susmithn@gmail.com